Wednesday, December 23, 2015

എം.എന്‍. കാരശ്ശേരി - ഒരു ലേഖനം

ഏതാണ് ഇസ്ലാം?


കെ.പി. രാമനുണ്ണിയുടെ 'ഇതാണ് ഇസ്ലാം' എന്ന ലേഖനത്തിന് ഒരു മറുപടി....

വിശ്വാസികളുടെ നന്മകളെല്ലാം മതത്തിന്റെ കണക്കിലെഴുതിയാല്‍ അവരുടെ തിന്മകളും ആ കണക്കില്‍ എഴുതേണ്ടിവരില്ലേ?

മലബാറിലെ കടലുണ്ടിയില്‍നിന്നാണ് ഇക്കഴിഞ്ഞ ഏപ്രില്‍ എട്ടാംതീയതി ആ വാര്‍ത്ത വന്നെത്തിയത്: പുലര്‍ച്ചയ്ക്ക് തീവണ്ടിപ്പാളം മുറിച്ചുകടക്കുമ്പോള്‍ വണ്ടി ഓടിയടുക്കുന്നത് ശ്രദ്ധയില്‍പ്പെടാതെപോയ ബധിരനായ സുഹൃത്ത് രാമനെ രക്ഷിക്കാനുള്ള പരിശ്രമത്തില്‍ അബ്ദുറഹിമാന്‍ തീവണ്ടിതട്ടി മരിച്ചുപോയി. കഷ്ടം, ഈ കഥയൊന്നുമറിയാതെ തൊട്ടുപിറകെ രാമനും അന്ത്യശ്വാസം വലിച്ചു. ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാവുന്ന അപായസാധ്യത അവഗണിച്ചുകൊണ്ട് അതിനുപുറപ്പെട്ട അബ്ദുറഹിമാന്റെ മരണം എല്ലാ അര്‍ഥത്തിലും 'ബലി'യാണ്. മനുഷ്യപ്പറ്റിന്റെ ഉദാത്ത മാതൃകയാണദ്ദേഹം; സഹജീവിസ്‌നേഹത്തിന്റെ രക്തസാക്ഷി. അദ്ദേഹത്തിന്റെ സ്മരണയെ ഞാന്‍ ആദരപൂര്‍വം അഭിവാദ്യം ചെയ്യുന്നു.

അപകടത്തില്‍പ്പെട്ട് നിരത്തില്‍ക്കിടക്കുന്നവരെ നാട്ടുകാര്‍ തിരിഞ്ഞുനോക്കാത്തതിനാല്‍ പലരും ചോരവാര്‍ന്ന് മരിക്കുന്നതിന്റെ നിര്‍ദയമായ വാര്‍ത്തകള്‍ ധാരാളമായി കണ്ടും കേട്ടും മനസ്സുമടുക്കുന്നതിന്റെ നടുവിലേക്കാണ് അവിശ്വസനീയമായ ഈ കഥ വരുന്നത്. അതു നമുക്ക് മനുഷ്യജീവിയിലുള്ള വിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്, നമ്മെ ശുദ്ധീകരിക്കുന്നുണ്ട്. ഈയിടെ നമ്മള്‍ മലയാളികള്‍കേട്ട അപൂര്‍വം 'വിശുദ്ധവാര്‍ത്തകളി'ലൊന്നാണത്. അബ്ദുറഹിമാന്റെ മനുഷ്യസ്‌നേഹത്തെ മാധ്യമങ്ങള്‍ എടുത്തുപറഞ്ഞതുചിതമായി. അതിനെ വാഴ്ത്താന്‍വേണ്ടി പ്രശസ്ത കഥാകാരന്‍ കെ.പി. രാമനുണ്ണി 'മാതൃഭൂമി'യില്‍ ലേഖനമെഴുതിയതും (23 ഏപ്രില്‍) വേണ്ടതുതന്നെ. 'ഇതാണ് ഇസ്ലാം' എന്നുപേരായ ആ ലേഖനത്തിലെ സമീപനം നിര്‍ഭാഗ്യവശാല്‍, ചില ഗുരുതരമായ പ്രശ്‌നങ്ങളുയര്‍ത്തുന്നുണ്ട്.
അബ്ദുറഹിമാന്റെ ഉത്തുംഗമായ ത്യാഗസന്നദ്ധത ഇസ്ലാംമതവിശ്വാസിയായതുകൊണ്ടുണ്ടായതാണെന്ന തീര്‍പ്പാണ് ലേഖനത്തിന്റെ തലക്കെട്ടിലും വിശകലനത്തിലും വെളിപ്പെടുന്നത്. രാമനുണ്ണി എഴുതുന്നു: ''പ്രവാചകന്റെ ശരിയായ ഇസ്ലാം എന്താണെന്ന് നമ്മുടെ കടലുണ്ടിക്കാരനായ അബ്ദുറഹിമാന്‍ ജീവിച്ചുകാണിച്ചുവെന്നത് ചെറിയൊരു കാര്യമല്ല''. ഇത് യുക്തിസഹമല്ല എന്നതിലേക്ക് വസ്തുതകള്‍ പലതുണ്ട്.

1. ഇസ്ലാം മതാനുയായികളിലെല്ലാം ഈ സ്‌നേഹം കാണുന്നില്ല.
2. ചില ഇസ്ലാം മതാനുയായികളില്‍ ചിലപ്പോള്‍ ഇതിന് നേര്‍വിപരീതം കണ്ടിട്ടുണ്ട്.
3. മറ്റുമതത്തിന്റെ അനുയായികളിലും ചിലപ്പോള്‍ ഈ ഗുണം കാണാനുണ്ട്.
4. ഒരുമതത്തിലും വിശ്വസിക്കാത്തവരിലും ഇത്തരം നന്മകള്‍ ചിലപ്പോള്‍ കണ്ടിട്ടുണ്ട്.
അബ്ദുറഹിമാന്റെ വ്യക്തിത്വത്തിന് പല തലങ്ങളുണ്ട് മലയാളിയാണ്, മലബാറുകാരനാണ്, പുരുഷനാണ്, വൃദ്ധനാണ്, ഇസ്ലാംമതവിശ്വാസിയാണ്, മറ്റും മറ്റും. ഇതിലേതാണ് ഈ ജീവദാനത്തെ പ്രചോദിപ്പിച്ചത്? ഇതെല്ലാം കൂടിച്ചേര്‍ന്നതാവാം. എന്റെ നോട്ടത്തില്‍, അദ്ദേഹത്തിന്റെ സഹജപ്രകൃതിയാണ് ഇതില്‍ ഏറ്റവും പ്രധാനം.
രാമനുണ്ണി ആ വ്യക്തിത്വത്തെ മതവിശ്വാസം മാത്രമായി ചുരുക്കിക്കാണുന്നുവെന്നതാണു തകരാറ്. യാദൃച്ഛികമായി ജനിച്ചുവളര്‍ന്ന മതസമൂഹത്തിന്റെ അംശമായും മതമൂല്യങ്ങളുടെ പ്രതീകം മാത്രമായും വ്യക്തിയെ കാണുന്നത് വിഭാഗീയതയാണ്. ഇങ്ങനെ ആളുകളെ വകതിരിച്ചുകാണിക്കുന്നത് സമൂഹത്തില്‍ വര്‍ഗീയത വളര്‍ത്തും.

തനിക്കാവശ്യമില്ലാത്തിടത്ത് ലേഖകന്‍ ഈമട്ടിലല്ല വ്യക്തികളെ കാണുന്നതെന്നതിന് ലേഖനത്തില്‍ത്തന്നെ തെളിവുണ്ട്. ഈ വാക്യം നോക്കൂ: ''അബ്ദുറഹിമാന്റെ ആത്മബലിക്ക് തൊട്ടടുത്ത ദിനത്തിലാണല്ലോ കോട്ടയത്ത് റെയില്‍വേട്രാക്കില്‍ കുഴഞ്ഞുവീണ സ്ത്രീയെ ചില ചെറുപ്പക്കാര്‍ രക്ഷിക്കുന്നതിനു പകരം വീഡിയോയില്‍ പകര്‍ത്തി വാട്ട്‌സ്ആപ്പില്‍ വിട്ടത്''. സേവനസന്നദ്ധതയില്ലാത്ത അവര്‍ ഏതുമതക്കാരാണ്? കൂട്ടത്തില്‍ ഇസ്ലാംമതവിശ്വാസികളാരുമില്ലെന്നെങ്ങനെ പറയും? സംഭവം കോട്ടയത്താണ്. അവര്‍ ആ നാട്ടുകാരാണോ? അതാണോ പ്രശ്‌നം? 'ചെറുപ്പക്കാര്‍' എന്നുമാത്രമേ പറഞ്ഞിട്ടുള്ളു. ആ ക്രൂരത പുതിയ തലമുറയുടെ കുറ്റം എന്നെടുക്കണമോ? ഏതായാലും ഇവിടെ മതം ഇല്ല!

ഞാന്‍ ചോദിക്കട്ടെ: വിശ്വാസികളുടെ നന്മകളെല്ലാം മതത്തിന്റെ കണക്കിലെഴുതിയാല്‍ അവരുടെ തിന്മകളും ആ കണക്കിലെഴുതേണ്ടിവരില്ലേ? അതു സമ്മതമല്ലെന്നുപറയുന്നതിനു യുക്തിയുണ്ടോ? ഉദാഹരണം പറഞ്ഞാല്‍ കാര്യം വിശദമാവും:
1. 'പ്രവാചകനിന്ദ'യുടെ പേരില്‍ പ്രൊഫ. ജോസഫിന്റെ വലംകൈ വെട്ടിയ പോപ്പുലര്‍ഫ്രണ്ടുകാരുടെ ക്രൂരത ഒരു ഭാഗത്ത്. അതിനെ വിമര്‍ശിക്കുന്നതിന്റെ പേരില്‍ ജോസഫിന് ആസ്​പത്രിയില്‍ച്ചെന്ന് ചോരകൊടുത്ത ജമാഅത്തെ ഇസ്ലാമിക്കാരുടെ ഉദാരത മറുഭാഗത്ത് രണ്ടുകൂട്ടരും ഇസ്ലാം മതാനുയായികള്‍. രണ്ടുംകൂടി ഒരുകണക്കില്‍ ചേരുമോ? ഏതാണ് ഇസ്ലാം?
2. വിദ്യ അഭ്യസിക്കാന്‍ പാടില്ലെന്ന് താലിബാന്‍. സ്ത്രീക്ക് അതിനു സ്വാതന്ത്ര്യമുണ്ടെന്ന് മലാല. ഒടുക്കം ആ പെണ്‍കിടാവിന്റെ തലയിലേക്ക് താലിബാന്‍ വെടിവെയ്ക്കുന്നു രണ്ടുകൂട്ടരും ഇസ്ലാം മതാനുയായികള്‍. രണ്ടുംകൂടി ഒരുകണക്കില്‍ പോവുമോ? ഏതാണ് ഇസ്ലാം?

രാമനുണ്ണിയുടെ ലേഖനം ചെയ്ത അപരാധം മഹത്തായൊരു മാനുഷികാനുഭവത്തെ ഒരു മതത്തിന്റേതു മാത്രമായി വെട്ടിക്കുറച്ചുവെന്നതാണ്. എന്തിനേറെ, മലയാളികള്‍ക്കോ മലബാറുകാര്‍ക്കോ കടലുണ്ടിക്കാര്‍ക്കോ മുതിര്‍ന്ന തലമുറക്കാര്‍ക്കോപോലും അതിന്റെ കൃതാര്‍ഥതയില്‍ ഒരുപങ്കുമനുവദിക്കാത്തമട്ടില്‍ അദ്ദേഹമതിനെ വിഭാഗീകരിച്ചുകളഞ്ഞു; സ്വത്വത്തിന്റെ അടിസ്ഥാനം മതം മാത്രമാണെന്ന് സിദ്ധാന്തിച്ചുകളഞ്ഞു.

നമ്മുടെ നാട്ടില്‍ ഇപ്പോള്‍ പുലര്‍ന്നുവരുന്ന മതേതരത്വത്തിന്റെ ഒരു മാതൃക അങ്ങേയറ്റം അപകടകരമാണ് താന്‍ ജനിച്ചുവളര്‍ന്ന സമുദായത്തിന്റെ വിഭാഗീയതയെ പിന്തുണയ്ക്കുന്നത് വര്‍ഗീയതയും അന്യസമുദായത്തിന്റെ വിഭാഗീയതയെ പിന്തുണയ്ക്കുന്നത് മതേതരത്വവും എന്നതാണ് ആ സിദ്ധാന്തം!

ഇങ്ങനെയൊന്നുണ്ടോയെന്നു സംശയിക്കുന്നവര്‍ക്ക് ഞാന്‍ തെളിവുതരാം: കടലുണ്ടിസംഭവം ഒന്നു തിരിച്ചിട്ടുനോക്കുക അപകടത്തില്‍പ്പെടാന്‍പോയത് അബ്ദുറഹിമാനും രക്ഷിക്കാന്‍ശ്രമിച്ച് 'ബലി'യായിത്തീര്‍ന്നത് രാമനുമാണെന്നിരിക്കട്ടെ. എങ്കില്‍ രാമനെ വാഴ്ത്തിക്കൊണ്ട് കെ.പി. രാമനുണ്ണി 'ഇതാണ് ഹിന്ദു' എന്ന് ലേഖനമെഴുതുമോ? ഇല്ല. അത് വര്‍ഗീയതയാണെന്ന് അദ്ദേഹത്തിനറിയാം; വായനക്കാര്‍ക്കുമറിയാം! കണ്ടോ, നിലപാടല്ല, ആള്‍ഭാഗം മാറിനിന്നതുകൊണ്ടാണ് വര്‍ഗീയത മതേതരത്വമായി തെറ്റിദ്ധരിക്കപ്പെടുന്നത്.
ഈ ഇടപാട് കുറച്ചായി നടന്നുവരുന്നു. ഈ കച്ചവടത്തില്‍ ചില സാഹിത്യകാരന്മാര്‍ക്കൊപ്പം ചില മുന്‍ നക്‌സലൈറ്റുകളുണ്ട്, ചരിത്രകാരന്മാരുണ്ട്, ഗവേഷകന്മാരുണ്ട്, അധ്യാപകരുണ്ട്, പൗരാവകാശപ്രവര്‍ത്തകരുണ്ട്, മാധ്യമപ്രവര്‍ത്തകരുണ്ട്, പരിസ്ഥിതിവാദികളുണ്ട്, സ്ത്രീവാദികളുണ്ട്... പതുക്കെപ്പതുക്കെ രൂപംകൊണ്ടുവരുന്ന സ്വത്വരാഷ്ട്രീയത്തിന്റെ ഈ ആയുധപ്പുര തിരിച്ചറിയാന്‍ ഇക്കൂട്ടര്‍ക്കു ലഭിക്കുന്ന സ്ഥാനമാനങ്ങളും സമ്മാനങ്ങളും സൗജന്യങ്ങളും ശ്രദ്ധിച്ചാല്‍മതി. 'സ്വത്വരാഷ്ട്രീയ'ത്തിന്റെ വിത്താണ് ആ ലേഖനത്തില്‍ കിടക്കുന്നത്.

ഇന്നു പറഞ്ഞുകേള്‍ക്കുന്ന മതസമൂഹങ്ങളുടെ 'സ്വത്വരാഷ്ട്രീയം' മതരാഷ്ട്രവാദത്തിന്റെ പുതിയവേഷം മാത്രമാണ്. ഭൂരിപക്ഷം ജനങ്ങളുടെ അഭിലാഷത്തിനുമേലെയാണ് മതപാരമ്പര്യം എന്നതാണ് അതിന്റെ ഉള്ളടക്കം. മതനിയമങ്ങള്‍ രാഷ്ട്രനിയമങ്ങളാക്കിത്തീര്‍ക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ അത് ജനാധിപത്യവിരുദ്ധമാണ്; ഏതു വിഭാഗക്കാരന്റേതാണെങ്കിലും.
എനിക്കു മനസ്സിലാവുന്നില്ല: സ്വത്വരാഷ്ട്രീയം ഇസ്ലാമിസ്റ്റുകളുടേതാവുമ്പോള്‍ ജനാധിപത്യവും (ഡെമോക്രസി) ഹിന്ദുത്വക്കാരുടേതാവുമ്പോള്‍ സര്‍വാധിപത്യവും (ഫാസിസം) ആയിത്തീരുന്നതെങ്ങനെയാണ്?

No comments:

Post a Comment